2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച

നോമ്പ് നോറ്റ് കിട്ടിയ പെരുന്നാള്‍

 
പെരുന്നാള്‍..
ഇത് നോമ്പ് നോറ്റ് കിട്ടിയ പെരുന്നാള്‍
വിശപ്പും ദാഹവും മോഹവും വിറ്റു കിട്ടിയ പെരുന്നാള്‍
മനമുരുകിയും കരളുരുകിയും ഇരന്നു കിട്ടിയ പെരുന്നാള്‍
നാവിന്റെ നേരും കാലിന്റെ നീരും ചേര്‍ത്ത് കിട്ടിയ പെരുന്നാള്‍
ഇത് ഊതിക്കാച്ചിയെടുത്ത മനസ്സിന്റെ പിറന്നാള്‍

വിശപ്പിന്റെ വിലയറിഞ്ഞു, ദാഹത്തിന്റെ രുചിയറിഞ്ഞു
വായനയുടെ പൊരുളറിഞ്ഞു
എല്ലാ വാതായനങ്ങളും മലര്‍ക്കെ തുറന്നു വെച്ച് 
പറുദീസ മടി വിളിച്ചു, വരൂ 
ഒരു നിമിഷം ഞാന്‍ അമ്പരന്നു പോയി !!
ആളില്ലാത്ത പോസ്റ്റിനടുത്ത് വെച്ച്
പന്ത് പുറത്തേക്ക് അടിച്ച കളിക്കാരനായോ ഞാന്‍?  
 
പെരുന്നാള്‍, ഖുര്‍ആന്റെ  പിറന്നാള്‍ സമ്മാനം
ഇത് വായിച്ചു പഠിച്ചു കിട്ടിയ പെരുന്നാള്‍
ഖുര്‍ആന്‍ പിറന്ന രാവ്, വിധി നിര്‍ണായക രാവ്
പാതിരാവിലെ സുര്യോദയം
ഒരു രാവില്‍ ഒരു പുരുഷായുസ്സിന്റെ സുകൃതം
നക്ഷത്രങ്ങള്‍ ഭുമിയിലേക്ക് ഇറങ്ങി വന്ന രാവ്
ആകാശവും ഭുമിയും സന്ധിക്കുന്ന രാവ്..
എനിക്ക് സമാധാനത്തിന്റെ സമ്മാനവുമായി
എഴാകാശം താണ്ടി വന്ന മലാഖയെവിടെ?
 
മാനസം കരിക്കട്ട പോലെ കറുത്തിരുന്നു,
കരിങ്കല്ല് പോലെ കടുത്തിരുന്നു.
കരുണയുടെ കരകാണാ കടലില്‍ മുങ്ങിത്തപ്പി 
പാപക്കറകള്‍ കഴുകി തുടച്ചു
മാനം കറുത്തു, മനം വെളുത്തു
സുകൃതങ്ങള്‍ മഴയായി പെയ്തു
നരകത്തില്‍ നിന്ന് പേരുവെട്ടുന്നതും കാത്തിരുന്നു
സ്വര്‍ഗ്ഗ മാലാഖ എന്നെ പേര് ചൊല്ലി വിളിച്ചുവോ ?
 
ഇത് നോമ്പ് നോറ്റു കിട്ടിയ പെരുന്നാള്‍
ഇനി ജീവന്‍ വിറ്റാലും കിട്ടാത്ത പെരുന്നാള്‍
കളയില്ല ഞാനീ പെരുന്നാള്‍
നോമ്പ് നോറ്റു കിട്ടിയ പെരുന്നാള്‍
 

പാതിരാവിലെ സുര്യോദയം

കവിത
പാതിരാവിലെ സുര്യോദയം

അന്നൊരു നാളില്‍..
മലമുകളില്‍ പാതിരാവില്‍ സുര്യനുദിച്ചു.
ലോകം മുഴുവന്‍ വെളിച്ചം വിതറിയ രാവ്‌
ഒരിക്കലും മായാത്ത രാവ്‌
മഹത്വം മടിയിലൊളിപ്പിച്ച രാവ്‌
മുത്തും പവിഴവും രത്നവും ഗര്‍ഭം ധരിച്ച രാവ്‌
ഖുര്‍ആന്‍ പിറന്ന രാവ്‌
ഉറങ്ങാന്‍ ഉറക്കാത്ത രാവ്‌

ഇന്ന് ആ രാവിന്‍റെ ഓര്‍മയില്‍
ഭുമി സ്വര്‍ഗമാകും, രാവ്‌ പകലാകും
ഇന്നാണ്, വെളിച്ചത്തിന്റെ പിറന്നാളാഘോഷം
ജിബ്രീലാണ് മുഖ്യാതിഥി.
മണ്ണും വിണ്ണും അണിഞ്ഞൊരുങ്ങി
മണല്‍ തരികള്‍ കണക്കെ മാലാഖമാര്‍ പെയ്തിറങ്ങി
രാജധിരാജന്റെ കല്പനയുണ്ട്,
എല്ലാ കാര്യങ്ങളും ഇന്ന് തീര്‍പ്പാക്കണം.
ഒരു ഫയലും മറന്നു വെച്ചിട്ടില്ല, ഒന്നും നഷ്ടപ്പ്ട്ടിട്ടുമില്ല.
എല്ലാം ഭദ്രം, കൃത്യം, ക്ലിപ്തം.
ആനുകൂല്യങ്ങളുടെ പെരുമഴ.. അനുഗ്രഹങ്ങളുടെ തിരുമഴ..

ഇന്ന് 
ആയുഷ്കാല സുകൃത വൃത്തി , ആജീവനാന്ത നരകമുക്തി 
പകല്‍ പോലെ വ്യക്തം, രാത്രി പോലെ ശാന്തം
പാതിരാവില്‍ ഈ സുര്യോദയം
ആകാശവും ഭുമിയും ജ്വലിക്കും തിളക്കം
നേരം വെളുക്കുവോളം ശാന്തി ദായകം..